ഷിരൂര്‍: അര്‍ജുന്റെ ലോറിയില്‍ നിന്നും ലഭിച്ച ശരീരഭാഗത്തിന്റെ ഡിഎന്‍എ പരിശോധന ഫലം നാളെ ഉച്ചയോടെ മാത്രമെ ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാല്‍ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. മണ്ണിടിച്ചിലില്‍ കാണതായ മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു ആദ്യം സൂചിപ്പിച്ചിരുന്നത്. ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ച ഉയര്‍ത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിന് പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.
കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.