ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍. തനിക്കെതിരായ ആരോപണത്തില്‍ മറുപടി പറയാനില്ലെന്നും നിജി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തന്റെ പാര്‍ട്ടി നേതൃത്വമാണെന്നും അവര്‍ ഉചിതമായ തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുണ്ടെന്നും നിജി കൂട്ടിച്ചേര്‍ത്തു.

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ലളിതമാക്കണമെന്നും നിജി കൂട്ടിച്ചേര്‍ത്തു. മേയര്‍ എന്ന നിലയില്‍ തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കുമ്പോള്‍ സംഘാടകര്‍ ദയവായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോ. നിജി അഭ്യര്‍ത്ഥിച്ചു.

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിനെതിരെ കൗണ്‍സിലര്‍ ലാലി ജെയിംസ് ഗുരുതര ആരോപണമാണ് ഇന്നലെ ഉന്നയിച്ചിരുന്നത്. നിജിയില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലില്‍ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു നിജി ജസ്റ്റിന്‍ എന്നും ചില നേതാക്കള്‍ മാത്രം ചേര്‍ന്നാണ് അവരെ മേയറാക്കാന്‍ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്നലെ ലാലി ജെയിംസിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *