കാക്കിക്കുള്ളിലെ കലാകാരൻമാരെ ഒരുപാട് കണ്ടിട്ടുണ്ട്, അതിനൊപ്പം ഒരു കർഷകനെ കൂടി പരിചയപ്പെട്ടോളൂ. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ സുരേഷ് ഒ. കെ. ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയയാൽ തോളിൽ ഒരു തോർത്തു മുണ്ടുമിട്ട് പറമ്പിലേക്ക് ഇറങ്ങും. നടുവത്തൂരിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് പച്ചപ്പ് വിരിയിച്ചത്.പച്ചക്കറികൾ, വാഴ, നെല്ല്, ഇതിനൊക്കെ വളമുണ്ടാക്കാൻ വീട്ടിൽ നൂറോളം കോഴിയും, പിന്നെ പശുവും. പച്ചക്കറികളിൽ തന്നെ രണ്ട് തരം ചീര, കക്കിരി, വെളളരി, ഇളവൻ, മത്തൻ, കയ്‌പ, പടവലം, പയർ, പച്ചമുളക്. എന്നിവയുണ്ട്. വിഷുവിന് കണക്കാക്കി കണിവെള്ളരി മുളച്ച് വരുന്നു. വാഴയിൽ നേന്ത്രനും, റോബസ്റ്റയുമാണുള്ളത്.അച്ഛന്‍റെ പാത പിന്തുടർന്നാണ് കൃഷിയിലേക്കിറങ്ങിയത്. കഴിഞ്ഞ എട്ട് വർഷമായി തോട്ടത്തിൽ സുരേഷിനെ സഹായിക്കാൻ ഭാര്യയും അവരുടെ സഹോദരിയും മക്കളുമൊക്കെ രംഗത്തിറങ്ങാറുണ്ട്. ഇളയ മകൾ പഞ്ചായത്തിലെ മികച്ച കർഷക വിദ്യാർത്ഥിനിയായിരുന്നു. കൃഷിക്ക് വിനയാകുന്ന കീടങ്ങളെ തുരത്താനുള്ള സംവിധാനവും തോട്ടത്തിലുണ്ട്.കാണുമ്പോൾ ഒരു ബൾബ് പോലെ തോന്നിക്കുന്ന ഫെറമോൺകെണിയാണ് അതിന് ഉപയോഗിക്കുന്നത്. സുഗന്ധം പരത്തുന്ന ഈ കെണിക്കുള്ളിലേക്കെത്തുന്ന കീടങ്ങൾ പാത്രത്തിനടിയിലെ വെള്ളത്തിൽ വീണ് ചാവും. എന്നാൽ അണ്ണാനോട് മാത്രമാണ് രക്ഷയില്ലാത്തത്. പയറ് മൊത്തം നല്ല വൃത്തിയായി പൊളിച്ച് തിന്നു പോകും.ഇതൊക്കെയാണെങ്കിലും സുരേഷും കുടുംബവും ഹാപ്പിയാണ്. നല്ല ശുദ്ധമായ പച്ചക്കറി കഴിക്കുന്നതോടൊപ്പം ചെറിയൊരു വരുമാന മാർഗ്ഗം കൂടിയാണിത്. തോട്ടത്തിൽ എത്തുന്ന ആവശ്യക്കാർക്കും കൊയിലാണ്ടി കൃഷിശ്രീ വിപണന കേന്ദ്രത്തിലും പച്ചക്കറികൾ വിൽക്കാറുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാർ ഇറക്കിയ നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകിയത് സുരേഷ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *