2.4 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യും. ക്രിപ്റ്റോകറന്‍സി നിക്ഷേപ പദ്ധതിയിലൂടെ തന്നെയും തന്റെ പരിചയക്കാരെയും വഞ്ചിച്ചതായി ആരോപിച്ച് പുതുച്ചേരിയിലെ മൂലക്കുളത്ത് നിന്നുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അശോകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ഓണ്‍ലൈനില്‍ ഒരു പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അശോകന്റെ പരാതിയില്‍ പറയുന്നു. ഒരു അജ്ഞാത വ്യക്തിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, അദ്ദേഹം 10 ലക്ഷം നിക്ഷേപിച്ചു, വിരമിച്ച ശേഷമുള്ള സമ്പാദ്യം ഉള്‍പ്പെടെയാണ് അതില്‍ നിക്ഷേപിച്ചത്. പിന്നീട്, 2022 ല്‍, തമന്ന ഭാട്ടിയയും മറ്റ് സെലിബ്രിറ്റികളും പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു കമ്പനി ലോഞ്ച് പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പിന്നലെ അശോകന്‍ തന്റെ നിക്ഷേപം 1 കോടിയായി വര്‍ദ്ധിപ്പിക്കുകയും തന്റെ പത്ത് സുഹൃത്തുക്കളെ പദ്ധതിയില്‍ മൊത്തം 2.4 കോടി നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

മാസങ്ങള്‍ക്കുശേഷം, മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന മറ്റൊരു പരിപാടിയിലേക്ക് അശോകനെ ക്ഷണിച്ചു, അവിടെ കാജല്‍ അഗര്‍വാള്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. ഈ പരിപാടിയില്‍, 100-ലധികം നിക്ഷേപകര്‍ക്ക് 10 ലക്ഷം മുതല്‍ 1 കോടി വരെ വിലയുള്ള കാറുകള്‍ പാരിതോഷികമായി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, അശോകന്‍ കാറിന് പകരം 8 ലക്ഷം പണമായി സ്വീകരിക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്ന്, കമ്പനി വാഗ്ദാനം ചെയ്ത വരുമാനം നല്‍കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, കമ്പനി തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് അശോകന്‍ പോലീസില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട്, നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *