തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് ഇതിനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടന്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശന്‍ ആരോപിച്ചു.
അതേസമയം, ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.