മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കോഴിക്കോട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജിനെ കൊന്നക്കേസിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരമാണ് പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളി (44)ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴസംഖ്യ മരണപ്പെട്ട ബാബുരാജിന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴയൊടുക്കാത്ത പക്ഷം 3 വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിവരും.

2019 മേയ് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ബാബുരാജനോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന പ്രതി, ഇയാളെ നഗരത്തിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ഇവിടെയുണ്ടായിരുന്ന കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരിക്കായിരുന്നു ബാബുരാജന്റെ മരണകാരണം.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ മൂന്നുപേര്‍ വിചാരണ വേളയില്‍ കൂറുമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *