കേണിച്ചിറയിൽ കൂട്ടിലായ കടുവ തോൽപ്പെട്ടി പതിനേഴാമൻ്റെ പുനരധിവാസത്തിൽ ധാരണയായി. നെയ്യാറിലെ സഫാരി പാർക്കിലേക്ക് മാറ്റാനാണ് തീരുമാനം. കൂട്ടിലാകും മുന്നെ തീറ്റയെടുക്കാൻ വയ്യാതെ കടുവ അവശനായിരുന്നു. മല്ലൻ കടുവകളുടെ ആക്രമണത്തിൽ പരിക്കുള്ളതിനാൽ, വെറ്റിനറി ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇത്രയും ദിവസങ്ങൾ. ഇത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വൈകാതെ ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വയനാട് കേണിച്ചിറയിൽ ജൂൺ 23 ന് രാത്രിയാണ് തോൽപ്പെട്ടി പതിനേഴാമൻ കുടുങ്ങിയത്. പശുക്കളെ കൊന്ന അതേ തൊഴുത്തിൽ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്ന നിലയിലാണ് തോൽപ്പെട്ടി 17ാമനെ കണ്ടെത്തിയത്. നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണ് കടുയുള്ളത്. പശുവിന്റെ ജഡവുമായി നാട്ടുകാർ ബത്തേരി-പനമരം റോഡ് ഉപരോധിച്ചതിന് പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ തൊഴുത്തിൽ വീണ്ടുമെത്തിയ കടുവ കൂട്ടിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *