കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12കാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജിനടുത്ത ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ളത്. പുതുച്ചേരി ലാബില്‍ നടത്തിയ കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളിച്ച അച്ചനമ്പലം കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് വിധേയമാക്കി.

സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിന് വേണ്ടിയാണ് പുതുച്ചേരിയിലെ ലാബിലേക്ക് അയച്ചത്.

കഴിഞ്ഞ 16നാണ് വിദ്യാര്‍ഥി അച്ചനമ്പലം കുളത്തില്‍ കുളിച്ചത്. അന്ന് സ്‌കൂളിലെ ഫുട്ബാള്‍ ക്യാമ്പില്‍ കളിക്കാന്‍ പോയ കുട്ടിക്ക് പന്ത് തലയ്ക്കുതട്ടി നേരിയ പരിക്കേറ്റിരുന്നു. തലവേദനയും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച ഫറോക്ക് താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. തലക്കേറ്റ പരിക്കിന്റെ ആഘാതത്തിലാണ് രോഗമെന്ന ധാരണയില്‍ മരുന്ന് നല്‍കുകയും ചെയ്തു. രോഗം ഭേദമാവാത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയും ആശുപത്രിയിലെത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പിന്നാലെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിനിയായ 13കാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *