മോന്സണ് മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ബാല. മോന്‍സന്റെ ഡ്രൈവര്‍ അജിത്തിനോട് മോന്‍സണെതിരായ കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.മോന്സണ് കൊച്ചിയില്‍ തന്റെ അയല്വാസിയായിരുന്നെന്നും സൗഹൃദം ഉണ്ടായിരുന്നെന്നും ബാല പറഞ്ഞു.
മോണ്‍സന്റെ ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്.
അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണം. മോന്സണ് പിരിച്ചുവിട്ടതിന് ശേഷം അജിത്ത് തന്നെ ശമ്പളം തരുന്നില്ലെന്ന് പറഞ്ഞ് വിളിച്ചിരുന്നെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ അപ്പോള്‍ ആവശ്യപ്പെടുകയായിരുന്നെന്നും ബാല കൂട്ടിച്ചേര്‍ത്തു.
