ബിഗ് ബോസ് 16-ാം സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവതാരകനായി എത്താൻ സൽമാൻ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് നിരവധി ചർച്ചകൾ ഉയർന്നിരുന്നു. വമ്പൻ പ്രതിഫലം നൽകിയാണ് കളേഴ്സ് ടിവി സൽമാനെ അവതാരകനാക്കിയതെന്നായിരുന്നു വാർത്തകൾ.ഓരോ സീസണ്‍ തുടങ്ങുന്നതിനു മുന്‍പും സല്‍മാന്‍റെ പ്രതിഫലം വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ സീസണില്‍ നടന്‍ വാങ്ങിയ പ്രതിഫലം 350 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ഈ വാർത്തകളോട് ചാനലോ സൽമാൻ ഖാനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.പതിനാറാം സീസണിലെ ആദ്യ മത്സരാർത്ഥിയെ പ്രഖ്യാപിച്ച് നടത്തി വാർത്താ സമ്മേളനത്തിൽ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ താരം.ആയിരം കോടിയാണോ പ്രതിഫലമായി വാങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായിട്ടായിരുന്നു താരത്തിന്റെ മറുപടി. ഇന്നലെയായിരുന്നു പ്രസ് മീറ്റ് നടന്നത്.
”എന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. 1000 കോടിയൊക്കെ പ്രതിഫലം ലഭിച്ചാല്‍ ജീവിതത്തില്‍ ഞാനൊരിക്കലും ജോലി ചെയ്യില്ല. എന്നാൽ ഈ തുക എനിക്ക് നൽകുന്ന ഒരു ദിവസം വരും. ഈ തുക ലഭിക്കുകയാണെങ്കിൽ, എനിക്ക് വക്കീലന്മാരെപ്പോലെ മറ്റ് നിരവധി ആവശ്യങ്ങളുണ്ട്. എന്‍റെ അഭിഭാഷകരും ചില്ലറക്കാരല്ല. എന്‍റെ വരുമാനം അതിന്‍റെ നാലിലൊന്ന് പോലുമില്ല. ഈ റിപ്പോർട്ടുകൾ ആദായ നികുതി വകുപ്പും ഇ.ഡിയും വായിക്കുന്നുണ്ടെന്ന് വിചാരിക്കുന്നു” സല്‍മാന്‍ പറഞ്ഞു.