നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ചുണ്ടൻവള്ളങ്ങളെയും വഞ്ചിച്ച് സർക്കാർ. പുന്നമടയിലെ കായൽപ്പരപ്പുകളെ ഇളക്കി മറിച്ച് ആവേശം വാനോളമുയർത്തി നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ്. മൽസരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സർക്കാർ നൽകേണ്ട ഒരു കോടി രൂപയുടെ ഗ്രാൻറോ ബോണസോ നൽകിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകൾ ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ബാക്കിയുള്ള മൽസരങ്ങൾ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ൻ ഉടൻ തന്നെ യോഗം ചേരും.ഇതു വരെ ആകെ നൽകിയത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ്. ഒരു കോടി രൂപയാണ് ​ഗ്രാന്റ് ഇനത്തിൽ നൽകാനുള്ളത്. തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. ആഘോഷമെല്ലാം കഴിഞ്ഞു മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങിപ്പോയി. പക്ഷെ സർക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റിൽ നിന്നും കടംവാങ്ങിയും മറ്റും പണം മുടക്കിയ ക്ലബ് ഉടമകളെ സർക്കാർ പിന്നീട് ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല. വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സർക്കാർ ഇത് നൽകേണ്ടത്. കൈയിൽ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. ഇപ്പോൾ തുഴച്ചിലുകാർക്ക് പോലും വേതനം നൽകാതെ ബുദ്ധിമുട്ടുകയാണ് നെഹ്റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകൾ. 19 ചുണ്ടൻ വള്ളങ്ങൾക്ക് ആകെ നൽകിയത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ്. ചെറുവള്ളങ്ങൾക്ക് 25000 രൂപയും.

Leave a Reply

Your email address will not be published. Required fields are marked *