കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുന്നതിന് തീരുമാനമായി. പി.ടി.എ റഹീം എംഎൽഎ വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യത്തിലുള്ള ധാരണ ഉണ്ടാക്കിയത്. കെ.ഡബ്ല്യു.എ, ജലജീവൻ, കെ.എസ്.ഇ.ബി വിഭാഗങ്ങളുടെ പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും മോണിറ്ററിങ്ങും ഉണ്ടാവണമെന്നും പദ്ധതികളുടെ പൂർത്തീകരണത്തിന് കാലതാമസത്തിനിടയാക്കുന്ന തടസ്സങ്ങൾ ഉണ്ടാവുന്നപക്ഷം ആയത് ശ്രദ്ധയിൽപ്പെടുത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം കുറക്കുന്നതിന് റവന്യൂ അധികൃതരുമായി ബന്ധപ്പെടുന്നതിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്നും ബജറ്റിൽ തുക അനുവദിച്ച പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുന്നത് വൈകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദേശം നൽകി.കിഫ്ബിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടന്നുവരുന്ന കളൻതോട് കൂളിമാട് റോഡ്, ആർ.ഇ.സി മലയമ്മ കൂട്ടത്തായി റോഡ്, മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡിൻ്റെ താറിംഗ് പ്രവൃത്തി എന്നിവ ഈ സീസണിൽ തന്നെ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. വിവിധ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ഐ.ടി.ഐ കെട്ടിടം തുടങ്ങിയ പ്രവൃത്തികളുടെയും നടന്നുവരുന്ന പാലങ്ങളുടെയും ഇതര റോഡ് പദ്ധതികളുടെയും നിലവിലുള്ള സ്ഥിതിയും പദ്ധതി പുരോഗതിയും യോഗം ചർച്ച ചെയ്യുകയും അവ ഓരോന്നിന്റെയും വിവിധ ഘട്ടങ്ങളിലുള്ള പുരോഗതി കലണ്ടർ തയ്യാറാക്കി വിലയിരുത്തുന്നതിനും തീരുമാനിക്കുകയും ചെയ്തു.പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, എൻ.എച്ച് നോർത്ത് സർക്കിൾ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ എൻ.പി ചിത്ര, പി.ഡബ്ല്യു.ഡി റോഡ്, പാലം, കെട്ടിടം, കെ.ആർ.എഫ്.ബി, കെ.ഡബ്ല്യു.എ, ജലജീവൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *