ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീനിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.യുവതിയുടെ മാതാപിതാക്കളെ അദ്ദേഹം സന്ദർശിച്ചു.സ്ത്രീധന പീഡന മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ദൗര്‍ഭാഗ്യകരമെന്നും മോഫിയയുടെ മരണം ദു:ഖകരമായ സംഭവമാണെന്നും,ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഫിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യശാലികളാകണമെന്നും അനീതിക്കെതിരെ പോരാടുകയാണ് വേണ്ടത് ജീവനൊടുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവർണർ നേരത്തേ സന്ദർശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങൾക്കു മുൻപ് പരസ്യമായി ഗവർണർ രംഗത്തെത്തിയതു വലിയ ചർച്ചയായിരുന്നു.
ആലുവ പൊലീസിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. ‘രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേരള പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിനിടയിൽ ആലുവയിലേതുപോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിൽ ആലുവയിലേതുപോലെ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണം.’ അദ്ദേഹം പറഞ്ഞു.

സ്ത്രീധന രീതി ഇല്ലാതാകണമെന്നും, സ്ത്രീധനത്തിനെതിരെ അവബോധം വളർത്തണമെന്നും ഗവർണർ ആവർത്തിച്ചു. സ്ത്രീ സുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *