ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കമ്പിളി പുതപ്പുകൾ ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടോ എന്ന സംശയം യാത്രക്കാർ ഉന്നയിക്കാറുണ്ട്. ആ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകിയിരിക്കുകയാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. മാസത്തിൽ ഒരിക്കലെങ്കിലും കഴുകാറുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. കോൺഗ്രസ് എം പി കുൽദീപ് ഇൻഡോറയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.ഇന്ത്യയിൽ ട്രെയിനിൽ ഉപയോഗിക്കുന്ന പുതപ്പുകൾ ഭാരം കുറഞ്ഞതും കഴുകാൻ എളുപ്പമുള്ളതും യാത്രക്കാർക്ക് സുഖപ്രദമായ യാത്രാനുഭവം നൽകുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ബിഐഎസ് സ്പെസിഫിക്കേഷനുകളുള്ള പുതിയ ലിനൻ സെറ്റുകൾ, ശുചിത്വം ഉറപ്പാക്കാൻ യന്ത്രവത്കൃത അലക്കുശാലകൾ, കഴുകുന്നതിനുള്ള നിർദ്ദിഷ്ട രാസവസ്തുക്കൾ എന്നിവ ഉൾപ്പെടെ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴുകിയ തുണികളുടെ ഗുണനിലവാരം പരിശോധിക്കാൻ വൈറ്റോ മീറ്ററുകൾ ഉപയോഗിക്കുന്നു. പുതപ്പ്, ബെഡ്‌റോൾ എന്നിവയെ കുറിച്ചുള്ള പരാതികൾ ഉൾപ്പെടെ റെയിൽ മദാദ് പോർട്ടലിൽ നൽകിയ പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ സോണൽ ആസ്ഥാനത്തും ഡിവിഷണൽ തലങ്ങളിലും വാർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ബെഡ്‌റോളുകളുടെ പരിസ്ഥിതി സൗഹൃദ പാക്കേജിംഗിന് പുറമെ, സ്റ്റേഷനുകളിലും ട്രെയിനുകളിലും പുതപ്പുകൾ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും കയറ്റുന്നതിനും ഇറക്കുന്നതിനും മെച്ചപ്പെട്ട സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *