ന്യൂഡല്‍ഹി: വയനാട് എംപിയായ സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വിദ്വേഷ പോസ്റ്റുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. വയനാട്ടില്‍നിന്ന് പുതിയ മുസ്ലിം ലീഗ് എംപി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി കുടുംബത്തിന് ഇത് വിശിഷ്ട നിമിഷം എന്നാണ് മാളവ്യയുടെ ഒരു ട്വീറ്റ്.
ആകര്‍ഷകമായ കാര്യമെന്തെന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ്. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യയില്‍ 70.20 ശതമാനവും മുസ്ലിംകളാണ്. ഇപ്പോള്‍ അതിലും കൂടിയിട്ടുണ്ടാവുമെന്നും അമിത് മാളവ്യ എക്സില്‍ കുറിച്ചു.
അമിത് മാളവ്യയുടെ ട്വീറ്റ് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹിന്ദു മുസ്ലിം ഭിന്നിപ്പുണ്ടാക്കാനാണ് മാളവ്യയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.