ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, കുട്ടികൾ ഉൾപ്പെടെയുള്ള അഞ്ച് വിനോദസഞ്ചാരികൾ ഉയരത്തിൽ കുടുങ്ങിയ വാർത്ത ഏറെ ആശങ്കയോടെയാണ് നാം കേട്ടത്. എന്നാൽ ആ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട്, അതീവ ദുഷ്കരമായ സാഹചര്യത്തിലും അവരെ സുരക്ഷിതമായി താഴെയിറക്കിയ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി.
നൂറടിയിലധികം ഉയരത്തിൽ, ക്രെയിനിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ നിന്ന് ഒട്ടും പതറാതെ ആ കുരുന്നുകളെയും മുതിർന്നവരെയും സുരക്ഷിതമായി താഴെയെത്തിക്കാൻ നമ്മുടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കാണിച്ച മെയ്‌വഴക്കവും ധൈര്യവും എത്ര പ്രശംസിച്ചാലും മതിയാകില്ല എന്നും മന്ത്രി പറഞ്ഞു.
ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണ്. ദുരന്തമുഖങ്ങളിൽ എന്നും കാവലായി, സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന നമ്മുടെ സേനാംഗങ്ങൾ നാടിന്റെ അഭിമാനമാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും മന്ത്രി ചെയ്തു.
