സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ നാടിന് സമര്‍പ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട് സ്‌പോട്ടായി മാറും ആമപ്പാറ. ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ദൂരക്കാഴ്ചയില്‍ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ പാറയിലേക്ക് ഒരാള്‍ക്കു മാത്രം കഷ്ടിച്ചു പോകാന്‍ കഴിയുന്ന നടപ്പാതയാണുള്ളത്. ഇവിടെയുള്ള കൂറ്റന്‍ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകള്‍ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം. ഈ പടുകൂറ്റന്‍ പാറക്കുള്ളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് മറുവശത്തെത്തിയാല്‍, ആ കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. രാമക്കല്‍മേട്ടിലെ കുറുവന്‍-കുറത്തി ശില്‍പം, മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍, കോടമഞ്ഞ് പുതച്ച മലനിരകള്‍, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങള്‍, അകലെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാലലോകമാണ് ആമപ്പാറ തുറക്കുന്നത്. ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറയും മാറും. നെടുങ്കണ്ടം രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെ നിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം. തൃശൂര്‍ ആസ്ഥാനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ്(സില്‍ക്ക്) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിനോദസഞ്ചാര വകുപ്പില്‍ നിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നിര്‍മാണം. ആദ്യഘട്ടത്തിന് 2019ലും രണ്ടാംഘട്ടത്തിന് 2021ലുമാണ് ഭരണാനുമതി ലഭിച്ചത്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ജാലകം എക്കോ ടൂറിസം കേന്ദ്രം ഉടനെ നാടിന് സമര്‍പ്പിക്കാനാകുമെന്നും ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *