മാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് വേണ്ടി 3.9 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. 2017-18 ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുകയും 24-12-2018 ലെ സ.ഉ (സാധാ) നം 5411/2018 പൊ.വി.വ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കുകയും ചെയ്ത ഈ സ്കൂളിന്‍റെ പ്രവൃത്തി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇതുവരെ ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതൊപ്പം കോഴിക്കോട് ജില്ലയില്‍ നിന്നുളള താമരശ്ശേരി, പറമ്പില്‍ എന്നീ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനും സമാന പ്രതിസന്ധി നിലവിലുണ്ടായിരുന്നു. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും ധനകാര്യ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഈ പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിലുള്ള തടസം നീങ്ങിയത്. മാവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപയുടേയും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.35 കോടി രൂപയുടേയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മ്മിക്കുകയും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോള്‍ ടെണ്ടര്‍ ചെയ്ത നിര്‍മ്മാണ പ്രവൃത്തിയില്‍ ഹൈസ്കൂള്‍ വിഭാഗത്തിന് 12 ക്ലാസ് റൂമുകളും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 4 ലാബുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുളള പദ്ധതിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *