അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച സാക്ഷി വിസ്താരം ഇന്നും തുടരും.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. കേസിലെ ആദ്യ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ഒഴിഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷം അഡ്വ. സി രാജേന്ദ്രനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍നിയമിക്കുകയായിരുന്നു.

ഇന്നലെ ആരംഭിച്ച വിചാരണയ്ക്കിടെ രണ്ട് സാക്ഷികളെയാണ് വിസ്താരത്തിന് വിളിച്ചത്. മധുവിന്റെ ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ സാക്ഷിയായിരുന്ന വെള്ളങ്കരിയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകരും വിസ്തരിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കാനും എല്ലാ ആഴ്ചയും പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിചാരണ ആരംഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *