പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി പുറത്ത്.അതെ സമയം പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ അറസ്റ്റിലായി . മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകി.പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഒമ്പതു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. വനംവകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *