പ്രതി ‘റാംജിനഗർ’ കവർച്ചാ സംഘത്തിലെ അംഗമായണ്
കാസർകോട്: ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ ‘റാംജിനഗർ’ കവർച്ചാ സംഘത്തിലെ അംഗവുമായ അറുമുഖൻ എന്ന കിട്ടുവിനെയാണ് മഞ്ചേശ്വരം പോലീസ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി വലയിലാക്കിയത്. മറ്റൊരു കേസിൽ റായ്പൂരിൽ പിടിയിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു കേരള പോലീസിന്റെ മിന്നൽ നീക്കം.
2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ കവർച്ച അരങ്ങേറുന്നത്. എടിഎമ്മുകളിൽ പണം നിറയ്ക്കാനായി എത്തിയ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്റെ ഗ്ലാസ് തകർത്ത് അരക്കോടി രൂപയുമായാണ് സംഘം കടന്നുകളഞ്ഞത്. വാഹനങ്ങൾ തകർത്ത് കവർച്ച നടത്തുന്നതിൽ വൈദഗ്ധ്യമുള്ള റാംജിനഗർ സംഘമാണ് ഇതിന് പിന്നിലെന്ന് തുടക്കത്തിലേ സൂചന ലഭിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഉപ്പള നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറിലധികം സുരക്ഷാ ക്യാമറകളാണ് പോലീസ് സംഘം പരിശോധിച്ചത്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ ഛത്തീസ്ഗഡിൽ കണ്ടെത്താൻ സഹായിച്ചത്. മൂന്നംഗ സംഘമായിരുന്നു കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
