അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്; നിരീക്ഷണം ശക്തമാക്കി കേരള-തമിഴ്‌നാട് വനംവകുപ്പുകള്‍

0

ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്കടുത്ത്. റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം നിലവിൽ ആനയുള്ളത് കൂതനച്ചിയാര്‍ വനാതിര്‍ത്തയിലുള്ള ജനവാസ മേഖലയ്ക്ക് അടുത്താണ്. ജനവാസമേഖലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ വരെ ആന എത്തിയെന്നാണ് വിവരം. ഇതേ തുടർന്ന് കേരള – തമിഴ്നാട് വനം വകുപ്പുകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കൂതനാച്ചിയിലെ തോട്ടത്തില്‍ അരിക്കൊമ്പന്‍ ഇറങ്ങിയതായാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. വനംവകുപ്പും ആനയെ കണ്ടതായി സ്ഥിരീകരിക്കുന്നുണ്ട്. പിന്നീട് ആന കാട്ടിലേക്ക് കയറിയെന്നാണ് വിവരം.

നിലവിൽ ആന നിൽക്കുന്ന പ്രദേശത്തേക്ക് ജനങ്ങളെ കയറ്റി വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശം കൃഷിമേഖല ആയതിനാൽ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെയും വനംവകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞിട്ടുണ്ട്. അത് കൂടാതെ, സുരുളി വെള്ളച്ചാട്ടത്തിനരികിലേക്കുള്ള സഞ്ചാരികളുടെ വിലക്കും അധികൃതര്‍ തുടരുന്നുണ്ട്..

ആന ജനവാസമേഖലയിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രം മയക്കുവെടി വയ്ക്കാമെന്ന തീരുമാനത്തിലാണ് നിലവില്‍ തമിഴ്‌നാട് വനംവകുപ്പ്. ഇതിനായുള്ള വിദഗ്ധ സംഘവും സ്ഥലത്ത് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കാനായി 150 അംഗ വനപാലകസംഘവും പ്രദേശത്തുണ്ട്. കുങ്കിയാനകളും സ്ഥലത്ത് തുടരുന്നുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അരിക്കൊമ്പന്‍ തിരികേ കാട്ടിലേക്ക് തന്നെ പ്രവേശിച്ചിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here