പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവായ പ്രതി മരിച്ചു

0

കോട്ടയം ∙ പങ്കാളിയെ കൈമാറിയ സംഭവത്തിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ, പരാതിക്കാരിയുടെ ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തും മൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഷിനോയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിനോ പുലർച്ചെ 4 മണിയോടെയാണ് മരിച്ചത്. ‘പൊളോണിയം’ എന്ന മാരക വിഷമാണ് കഴിച്ചതെന്നാണ് ഇയാൾ
പൊലീസിനോട് പറഞ്ഞത്.

വിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം. സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്ക്കെതിരെ ജൂബി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ജൂബിയെ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here