പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നതിനും മഴക്കാലത്തിന് മുമ്പായി പൊളിച്ചിട്ട റോഡുകളുടെ പുനരുദ്ധാരണം പൂർത്തീകരിക്കാനും തീരുമാനമായി. കെ.ഡ്ബ്ലൂ.എ മെയിന്റനൻസ്, ജലജീവൻ പ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും
ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് അടക്കാൻ ഗുണഭോക്തൃ സമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി കണക്ഷൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നിന്ന് കെ.ഡ്ബ്ലൂ.എ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലേക്ക് മാറ്റുന്നതിനും വൈദ്യുതിചാർജ് കെ.ഡബ്ലൂ.എ നേരിട്ട് അടയ്ക്കുന്നതിനും തീരുമാനിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 73 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ഇതുവരെ 8206 കുടിവെള്ള കണക്ഷനുകൾ നൽകുകയും ചെയ്ത സാഹചര്യത്തിൽ
ബാക്കി വരുന്ന കണക്ഷനുകൾ കൂടി നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, വൈസ് പ്രസിഡണ്ട് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, കെ.ഡ്ബ്ലൂ.എ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ
എം.ജി അകിൽ, അസി. എഞ്ചിനീയർമാരായ കെ.ടി ബിനോജ് കുമാർ, ഒ.പി രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.