കോഴിക്കോട് : മെയ് 30ന് തുറക്കുന്ന അംഗനവാടികളിലെ ആദ്യദിനം പ്രവേശനോല്‍സവമായി വര്‍ണാഭമായി കൊണ്ടാടും.
സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങള്‍ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു, പായസം, കുറുക്ക് എന്നിവ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യുക വഴി പോഷക സമ്പൂര്‍ണ്ണമായ പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

കോഴിക്കോട് ജില്ലയില്‍ 2938 അംഗനവാടികളണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ അംഗനവാടിയില്‍ ‘പോഷകബാല്യം’ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ലഭ്യമാക്കും. ക്രാഡില്‍ മെനു പ്രകാരം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കിവരുന്നു. പുട്ട്-കടല, ഇഡലി- സാമ്പാര്‍, നൂല്‍പുട്ട്- മുട്ടക്കറി എന്നിവയാണ് പ്രഭാതഭക്ഷണ മെനു. ക്രാഡില്‍ നവീകരണ പദ്ധതി പ്രകാരം അംഗനവാടികളുടെ ചുവരുകളില്‍ കഥകള്‍, കവിതകള്‍, ഇംഗ്ലീഷ്-മലയാളം അക്ഷരമാലകള്‍, അക്കങ്ങള്‍ എന്നിവ മനോഹരമായ രീതില്‍ ആവിഷ്‌കരിച്ചു വരുന്നു.

ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര പഞ്ചായത്തിലെ മരുതേനി അംഗനവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ രണ്ടാഴ്ച മുന്നേ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 17829 കുട്ടികളാണ് ജില്ലയില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായത്. പ്രവേശനോത്സവം മികച്ച അനുഭവമാക്കാന്‍ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പുതുതായി ചേരുന്ന കുട്ടികള്‍ക്ക് സ്വാഗതഗാനം, കുട്ടിപ്പാട്ട്, പായസ വിതരണം, മുന്‍ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്, കളികളും മറ്റ് കലാപരിപാടികളും, പേപ്പര്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ വിതരണം എന്നിവ ഉണ്ടാകും. അതാത് അംഗനവാടികളുടെ പരിസരത്തുള്ള കൗമാരക്കാരെ യോജിപ്പിച്ചു രൂപീകരിച്ച വര്‍ണ്ണകൂട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കളിപ്പാട്ടങ്ങള്‍ ഒരുക്കുന്നത്.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഗൃഹ സന്ദര്‍ശനവുമുണ്ട്. അംഗനവാടി പ്രവര്‍ത്തകര്‍, വര്‍ണ്ണക്കൂട്ട് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഗൃഹ സന്ദര്‍ശനം നടത്തി സമ്മാനപൊതി നല്‍കിയാണ് കട്ടികളെ അംഗനവാടിയിലേക്ക് ക്ഷണിക്കുക. ക്രയോണ്‍സ്, സ്‌മൈലി ബോള്‍, വര്‍ണ്ണ കടലാസുകള്‍ കൊണ്ടുള്ള പൂവ്, പൂമ്പാറ്റ, പാവ എന്നിവ ഉള്‍പ്പെടുന്നതാണ് സമ്മാനപൊതി. കുട്ടികളുടെ മുഖം വ്യക്തമാവുന്ന രീതിയില്‍ കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ച് ഉണ്ടാക്കിയ സെല്‍ഫി ഫ്രെയിം നിര്‍മ്മിക്കുകയും ആ ഫ്രെയിം ഉപയോഗിച്ച് കുട്ടികളെ പ്രവേശനോത്സവത്തിനു ഫോട്ടോ എടുപ്പിക്കുകയും ഫോട്ടോ ഫ്രെയിമില്‍ ‘അംഗനവാടിയിലെ എന്റെ ആദ്യ ദിനം’ എന്ന് മനോഹരമായ അക്ഷരങ്ങളില്‍ അലങ്കരിച്ചുള്ള വിസ്മയമൊക്കെ ഒരുക്കിയിട്ടുണ്ട്.

പ്രവേശനോല്‍സവത്തി ന്‌ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളായി കുഞ്ഞിക്കൈ ക്യാമ്പയിന്‍ (വിരല്‍ ചിത്രങ്ങള്‍, വെജിറ്റബിള്‍ പ്രിന്റിംഗ് തുടങ്ങിയവ), പ്രകൃതി നടത്തം, പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഒരു തൈ നടാം ക്യാമ്പയിന്‍ എന്നിവയും സംഘടിപ്പിക്കും. അംഗനവാടി കുട്ടികള്‍ക്കുള്ള ‘അംഗണപൂമഴ’ എന്ന സചിത്ര പ്രവൃത്തി പുസ്തകം അണിയറയില്‍ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *