ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തിയതിലൂടെ ഡോണള്‍ഡ് ട്രംപ് അധികാരപരിധി മറികടന്നുവെന്ന് യു.എസ് ഫെഡറല്‍ കോടതി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരനില്‍ തുടങ്ങി വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അധിക തീരുവ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും യു.എസ് കോടതി നിര്‍ദേശിച്ചു.
മാന്‍ഹട്ടനിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യു.എസ് കോടതിയാണ് ട്രംപിന്റെ അധിക തീരുവ തടഞ്ഞത്. എന്നാല്‍, തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയിട്ടുണ്ട്. രാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും യു.എസ് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഏപ്രില്‍ 2ന് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ അധിക തീരുവയും അതിന് മുമ്പ് ചൈന, മെക്‌സികോ, കാനഡ തുടങ്ങിയവക്കുമേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും ഇതോടെ ഇല്ലാതാകും. 10 ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ ട്രംപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.