ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ജനങ്ങളുടെ മനസ് ആര്‍ക്കൊപ്പം?; ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെ? മുന്നണികളുടെ പ്രതീക്ഷകള്‍ എത്രത്തോളം? ഇനി ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉള്ളത്. മണ്ഡലത്തിന്റെ ചരിത്രവും ആരാണ് മുന്‍കാലങ്ങളില്‍ വിജയിച്ചതെന്ന് ഉള്‍പ്പെടെ വിശദമായി പരിശോധിക്കാം…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്. കച്ചകെട്ടിയിറങ്ങി തന്നെയാണ് ഇരുകൂട്ടരും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുന്നത്. അന്‍വറിനും ഇതൊരു അഭിമാന പോരാട്ടമാണ്. വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ഇനി ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉള്ളത്. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത എന്‍ഡിഎയ്ക്ക് 4 ശതമാനത്തോളമാണ് ആകെയുള്ള വോട്ട് വിഹിതം. അതുകൊണ്ട് തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഒരു അങ്കമായിരിക്കും ഇത്തവണ.

നിലമ്പൂര്‍ മണ്ഡലം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2,32,384 വോട്ടര്‍മാരാണ് ഉള്ളത്. മണ്ഡലത്തില്‍ ആകെ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമുണ്.

2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ നിയമസഭയില്‍ ഏകദേശം 15,986 പട്ടികജാതി വോട്ടര്‍മാരുണ്ട്, ഇത് ഏകദേശം 7.72% ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരുണ്ട്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 43.9% ആണ്. മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്, ഇത് ഏകദേശം 10.8% ആണ്. മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 45.3% ആണ്.

ഇടതോ, വലതോ? മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ

മണ്ഡലത്തില്‍ 2021ല്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതു സ്വതന്ത്രന്‍ പിവി അന്‍വര്‍ ആയിരുന്നു വിജയിച്ചിരുന്നത്. 2700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവി പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.

2021 നിലമ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

സ്ഥാനാര്‍ഥി പാര്‍ട്ടി ആകെ നേടിയ വോട്ടുകള്‍ വോട്ടുവിഹിതം (%)
പിവി അന്‍വര്‍ ഇടതു സ്വതന്ത്രന്‍ 81227 (വിജയി) 46.9%
അഡ്വ: വി.വി. പ്രകാശ് ഐഎന്‍സി 78527 45.34%
അഡ്വ. ടി. കെ. അശോക്കുമാര്‍ ബിജെപി 8595 4.97%
കെ. ബാബു മണി എസ്.ഡി.പി.ഐ. 3281 1.9%
ഭൂരിപക്ഷം 2700

2021 നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം (ETV Bharat)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പതിറ്റാണ്ടുകളോളം കുത്തകയാക്കി വച്ചിരുന്ന നിലമ്പൂരില്‍ നിന്ന് 2016ല്‍ ആണ് സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ ആദ്യമായി വിജയിക്കുന്നത്. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ മുട്ടുകുത്തിച്ചത്.

1965 ല്‍ നിലവില്‍ വന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കന്നി ജയം സിപിഎമ്മിന് ഒപ്പമായിരുന്നു. ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരില്‍ പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്ത കുഞ്ഞാലി എന്ന പേരില്‍ അറിയപ്പെടുന്ന കെ. കുഞ്ഞാലിയാണ് ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചത്. ആര്യാടന്‍ മുഹമ്മദിനെയായിരുന്നു കുഞ്ഞാലി പരാജയപ്പെടുത്തിയത്.

1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും കുഞ്ഞാലി സീറ്റ് നിലനിര്‍ത്തി. എന്നാല്‍, 1970 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദ്യമായി വിജയിച്ചു, എം പി ഗംഗാധരനായിരുന്നു ജയം. 1977ലാണ് ആദ്യമായി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി സെയ്താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടന്‍ മണ്ഡലം പിടിച്ചത്.

1977 മുതലുള്ള നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് ചരിത്രം

വര്‍ഷം വിജയി എതിര്‍ സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം
1977 ആര്യാടന്‍ മുഹമ്മദ്(കോണ്‍ഗ്രസ്) സെയ്താലിക്കുട്ടി (സിപിഎം) 7,715
1980 സി ഹരിദാസ്(കോണ്‍ഗ്രസ് യു) ടികെ ഹംസ(കോണ്‍ഗ്രസ് ഐ) 6,423
1982 ടികെ ഹംസ(സിപിഎം സ്വതന്ത്രന്‍) ആര്യാടന്‍ മുഹമ്മദ്(കോണ്‍ഗ്രസ്) 1,566
1987 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) ദേവദാസ് പൊറ്റക്കാട് (സിപിഎം) 10,333
1991 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) അബ്ദുറിമാന്‍ മാസ്റ്റര്‍ (സിപിഎം സ്വതന്ത്രന്‍) 7,684
1996 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) മാളയില്‍ തോമസ് മാത്യു (സിപിഎം സ്വതന്ത്രന്‍) 6,693
2001 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) പി അന്‍വര്‍ മാസ്റ്റര്‍ (സിപിഎം സ്വതന്ത്രന്‍) 21,620
2006 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) പി ശ്രീരാമകൃഷ്ണന്‍ (സിപിഎം) 18,070
2011 ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) പ്രൊഫ. എം തോമസ് മാത്യു (സിപിഎം സ്വതന്ത്രന്‍) 5,598
2016 പിവി അന്‍വര്‍ (സിപിഎം സ്വതന്ത്രന്‍) ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്) 11,504
2021 പിവി അന്‍വര്‍ (സിപിഎം സ്വതന്ത്രന്‍) വിവി പ്രകാശ് 2,700
എന്നാല്‍, 1982ല്‍ ടികെ ഹംസ ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു, 1,566 വോട്ടുകള്‍ക്കായിരുന്നു ഹംസയുടെ വിജയം. പിന്നീട് 1987 മുതല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. 1987 മുതല്‍ 2011 വരെ ഏകദേശം 30 വര്‍ഷത്തില്‍ അധികം ആര്യാടനായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്, കോണ്‍ഗ്രസിന്റെ കുത്തകയായി മണ്ഡലം മാറി. ഇതിനിടെയാണ് അന്‍വറിന്റെ കടന്നുവരവ്. 2016ല്‍ പിവി അന്‍വറിലൂടെ ഇടതുപക്ഷം സീറ്റ് തിരിച്ചുപിടിച്ചു. യുഡിഎഫ് പാളയത്തെ ഒന്നാകെ ഞെട്ടിച്ചായിരുന്നു അന്‍വറിലൂടെ ഇടതുപക്ഷത്തിന്റെ കടന്നുവരവ്. 2016 മുതല്‍ 2025 ജനുവരി അന്‍വറായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരായ സൈബര്‍ ആക്രണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കവേയാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെയും മലപ്പുറം എസ്പി സുജിത് ദാസിന്റെയും എഡിജിപി എംആര്‍ അജിത് കുമാറിന്റെയും വിവാദങ്ങളുയര്‍ത്തി ഇടതുപക്ഷത്ത് നിന്നും പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും പടിയിറങ്ങി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പൊതുവില്‍, മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഒരുകാലത്ത് കോണ്‍ഗ്രസ് കുത്തകയായിരുന്നു ഈ സീറ്റ്. എന്നാല്‍, കച്ചകെട്ടിയിറങ്ങിയാല്‍ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുമുണ്ട്.

അന്‍വര്‍ ഫാക്ടര്‍ നിര്‍ണായകം

ഈ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഫാക്ടര്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനകീയ മുഖമുള്ള അന്‍വറിനെ മണ്ഡലത്തിലെ ഒരു വോട്ട് ബാങ്കായാണ് കണക്കാക്കുന്നത്. എന്തിനും തയ്യാറായി അന്‍വറിന്റെ കൂടെ നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ മണ്ഡലത്തിലുണ്ട്. ഇടതു ബന്ധം ഉപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും അന്‍വറിനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ ഒരുകൂട്ടം വിശ്വസ്തര്‍ കൂടെ ഉണ്ടായിരുന്നു.

ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരത്തെ അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് ഉറപ്പായാലും വിജയിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. താന്‍ മത്സരിക്കാനില്ലെന്നും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ മുന്നില്‍ നിര്‍ത്തി വോട്ട് തേടാനുള്ള ശ്രമത്തിലാണ് യുഡിഎഫും. അന്‍വറിനെ ഒപ്പം കൂട്ടി പരമാവധി വോട്ട് തേടി മണ്ഡലത്തില്‍ വിജയിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

വികസനത്തില്‍ ഊന്നി വോട്ട് തേടാന്‍ എല്‍ഡിഎഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന് സ്വാധീനിമില്ലെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. അന്‍വറിന്റെ പാര്‍ട്ടി മാറ്റം തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറല്ലെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍ വ്യക്തമാക്കിയിരുന്നു. വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് എല്‍ഡിഎഫ് പക്ഷം. നിലമ്പൂരില്‍ നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് തേടുമെന്നും അനില്‍ പറയുന്നു.

നിലമ്പൂരിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വികസനമാണ് നടന്നത്. ഏതാണ്ട് 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ നടന്നു. ഏറ്റവും അവസാനം നിലമ്പൂര്‍ ബൈപ്പാസിന് വേണ്ടി പണം നീക്കി വച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിച്ചു. അതില്‍ തകര്‍ന്ന പാലങ്ങളുള്‍പ്പെടെ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുന്നേറ്റമുണ്ടായെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. ഏതായാലും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒരു കനത്ത പോരാട്ടമാണ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *