മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇന്ന് നിര്‍ണായകദിനം. പി.വി അന്‍വര്‍ മത്സരിക്കുമോയെന്ന് ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനാണ് അന്‍വറിന്റെ തീരുമാനം. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും പ്രഖ്യാപനം. അന്‍വര്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്.
തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രന്‍ വേണോ അതോ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണോ എന്നതിലാണ് സിപിഎമ്മില്‍ ആലോചന. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവര്‍ക്കൊപ്പം എം സ്വരാജിന്റെ പേരും ചര്‍ച്ചകളിലുണ്ട്.