ഇംഫാൽ ∙ വംശീയ കലാപത്തിൽ ആളിക്കത്തുന്ന മണിപ്പുരിന് സാന്ത്വനവുമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് പറയുന്നു.

രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാർഗമാണു രാഹുൽ പോകുന്നത്. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മണിപ്പുർ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു രാഹുൽ അറിയിച്ചു.

ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പുര്‍ സമൂഹത്തില്‍ സ്നേഹത്തിന്‍റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദര്‍ശനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാംപുകളിലെത്തും. തുടർന്ന് മെയ്തെയ് നേതാക്കളുമായി ചർച്ച.

Leave a Reply

Your email address will not be published. Required fields are marked *