ഇംഫാൽ∙ മണിപ്പുരിൽ വീണ്ടും സംഘർഷം. ഇന്നു പുലർച്ചെ കാങ്പൊഖ്പി ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ അക്രമികൾ വെടിവയ്പ്പ് നടത്തി. അജ്ഞാരായ സംഘം അത്യാധുനിക ആയുധങ്ങളുമായെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ ആർക്കെങ്കിലും പരുക്കേറ്റിരുന്നോയെന്ന വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല.

പുലർച്ചെ അഞ്ചേമുക്കാലോടെയാണ് ഹറാഓത്തെൽ ഗ്രാമത്തിൽ അക്രമികൾ വെടിയുതിർത്തത്. അസം റൈഫിൾസ് സേന ഉടൻതന്നെ തിരിച്ചടിച്ചതോടെ വെടിവയ്പ്പ് അവസാനിച്ചു. എന്നാൽ മേഖലയിലെ സംഘർഷ സ്ഥിതി തുടരുകയാണെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അക്രമങ്ങൾ നടന്നില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കലാപം പൂർണമായി അടങ്ങിയിരുന്നില്ലെന്ന് മേഖലയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം നടക്കാനിരിക്കെയാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. ബിഷ്ണുപുരിലും ചുരാചന്ദ്പുരിലുമാണ് രാഹുൽ സന്ദർശനം നടത്തുക. വലിയതോതിൽ കലാപം നടന്ന മേഖലകളാണ് ഇവ രണ്ടും.

Leave a Reply

Your email address will not be published. Required fields are marked *