
പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. മുസ്‌ലിം ലീഗിൻ്റെ ലക്ഷ്മി ആലക്കമറ്റം പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്മി. നേരത്തെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാർത്ഥിയായി വിജയിച്ച ബെന്നി ചെറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ലക്ഷ്മി വിജയിച്ചത്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടും ലഭിച്ചു.
23 അംഗങ്ങൾ ഉള്ള പനമരം ഗ്രാമപഞ്ചായത്തിൽ നേരത്തെ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിനും എൽഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തെ എല്‍ഡിഎഫ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു സിപിഐഎം പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയത്.