തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മേയ് രണ്ടിന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തിപ്പിന്റെ ചുമതല.
2024 ജൂലൈ 13-ന് ട്രയല്‍ റണ്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബര്‍ 3നാണ് വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം 246-ത്തിലധികം കണ്ടെയിനര്‍ കപ്പലുകള്‍ കൈകാര്യം ചെയ്തു, കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനം 243 കോടി രൂപയാണ് ലഭിച്ചത്. 2025 ഫെബ്രുവരിയില്‍, 15 തെക്കുകിഴക്കന്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി, 40 കപ്പലുകളില്‍ നിന്ന് 78,833 TEUs കൈമാറിയതാണ് ഇതിന് കാരണം.
തുറമുഖത്തിന്റെ രണ്ടു മുതല്‍ നാലുവരെയുള്ള ഘട്ടങ്ങള്‍ 2028ല്‍ പൂര്‍ത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂര്‍ണ തുറമുഖം യാഥാര്‍ഥ്യമാകും.
8,867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള ആകെ മുതല്‍മുടക്ക്. കേരള സര്‍ക്കാര്‍ 5595.34 കോടി രൂപയും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് 2454 കോടി രൂപയും
കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും ചെലവഴിക്കുന്നു.
ഇന്ത്യയുടെ ആദ്യ സെമി ഓട്ടോമേറ്റഡ് അന്താരാഷ്ട്ര ഡീപ് സീ കണ്ടെയ്‌നര്‍ പോര്‍ട്ടായി വിഴിഞ്ഞം ഉയരുമ്പോള്‍, നൂതന സാങ്കേതിക വിദ്യകളിലൂടെ സമുദ്രവാണിജ്യത്തിന്റെ ഭാവി നിര്‍വചിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ സാങ്കേതിക നവീകരണവും സാമൂഹിക പരിവര്‍ത്തനവും ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമാവുകയാണ്.