തിരുവനന്തപുരം: ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായി റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കുന്നത്.
ജാമ്യവ്യവസ്ഥകൾ രാഹുൽ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചത്. രാഹുലിന്റെ അറിവോടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുകയും അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഹർജിയിൽ പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും. പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം തുടങ്ങി അതീവ ഗുരുതരമായ നിരവധി പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നിട്ടുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇത്തരം ക്രൂരകൃത്യങ്ങളിൽ പ്രതിയായിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.
സിആർ മഹേഷ് ഉൾപ്പെടെയുള്ള യുവനേതാക്കൾ രാഹുലിനെ വീട്ടിലെത്തി സന്ദർശിക്കുകയും പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ കേസ് പ്രതിയെ കോൺഗ്രസ് നേതൃത്വം വെള്ളപൂശുന്നതിനെതിരെ വലിയ ജനരോഷവും പ്രതിഷേധവുമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്.
