കോഴിക്കോട്: കൂടരഞ്ഞിയിൽ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങൾ കിണറ്റിൽ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങൾ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം തോടിന് സമീപം വാഹനം കഴുകാനെത്തിയവർക്ക് അനുഭവപ്പെട്ട ദുർഗന്ധമാണ് പരിശോധനയിലേക്ക് നയിച്ചത്. പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ പറമ്പിലെ കിണറ്റിലായിരുന്നു ജഡങ്ങൾ. ജഡങ്ങൾക്ക് മൂന്ന് മുതൽ നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
