ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി സി ഡോ. സിസ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളാണ് തടഞ്ഞുവച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
സിസാ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നേരിടേണ്ടിവന്നത് കോടതിയുടെ അതിരൂക്ഷ വിമര്‍ശനമാണ്. ജീവനക്കാരുടെ ആനുകൂല്യം ഉള്‍പ്പെടെയുള്ളവയില്‍ അവര്‍ വിരമിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിച്ചുകൊണ്ടിരുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.