നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പ്രാര്‍ത്ഥനയോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തെത്തി.
എന്നും പിതൃതുല്യമായ സ്നേഹവും വാല്‍സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിതാവ് ആര്യാടന്‍ മുഹമ്മദുമായി 60 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു ഉമ്മന്‍ചാണ്ടി സാറിന്.
ബാപ്പുട്ടി എന്ന് വാത്സല്യത്തോടെയാണ് എന്നെ വിളിച്ചിരുന്നത്. പിതാവിനോട് നേരിട്ട് പറയാഞ്ഞാല്‍ നോ പറയുമോ എന്ന് പേടിച്ച പല കാര്യങ്ങളും ഉമ്മന്‍ചാണ്ടി സാറിന്റെ ശിപാര്‍ശയോടെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. നിലമ്പൂരില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സാറും പിതാവും ഒപ്പമില്ല. ഇരുവരുടെയും അനുഗ്രഹം തേടി വേണം പത്രിക നല്‍കേണ്ടതെന്ന് തീരുമാനിച്ചിരുന്നു. അതിനായാണെത്തിയതെന്നും ഷൗക്കത്ത് പറഞ്ഞു.
എന്നും സ്നേഹ വാല്‍സല്യങ്ങള്‍ തന്ന എ.കെ ആന്റണി സാറെ വീട്ടിലെത്തി കണ്ട് അനുഗ്രഹം തേടും. നാളെ രാവിലെ 6ന് തൃശൂര്‍ മുരളീ മന്ദിരത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥനയും നടത്തിയായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മുന്‍ മന്ത്രി കെ.സി ജോസഫ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അടക്കമുള്ള യു.ഡി.എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *