കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ കൂട്ടപരോൾ അനുവദിച്ച നടപടി താൽക്കാലികമായി തടഞ്ഞു. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ലെന്ന് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് ജയിൽ വകുപ്പ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വലിയ വിവാദമായിരുന്നു.

ആറ് പ്രതികൾ ഇതിനകം ജയിലിന് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നിർദ്ദേശം നൽകി. 20 ദിവസത്തെ പരോൾ അനുവാദത്തോടെ കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം വീടുകളിലെത്തിയിരുന്നു. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് പരോൾ നടപടികൾ അതിവേഗം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *