കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക യോഗം തുടങ്ങി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗവും തെരഞ്ഞെടുപ്പും പുരോഗമിക്കുന്നത്.

ഇടവേള ബാബു പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വാശിയേറിയ മല്‍സരം നടക്കുന്നത്. കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ജഗദീഷ്, ആര്‍. ജയന്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

11 അംഗങ്ങളുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും സ്ഥാനാര്‍ഥികളാണ്.

‘അമ്മ’യുടെ പ്രസിഡന്റായി മൂന്നാമതും മോഹന്‍ലാലിന് എതിരില്ല. പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയവര്‍ പിന്‍വാങ്ങിയിരുന്നു. നടന്‍ സിദ്ദീഖിന്റെ പിന്‍ഗാമിയായി ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍.

വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്. അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയില്‍ നാല് വനിതകള്‍ വേണം.

Leave a Reply

Your email address will not be published. Required fields are marked *