എസ്എഫ്‌ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന് അവധിനൽകിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിനാണ് പ്രധാന അധ്യാപകന്‍ തിങ്കളാഴ്ച അവധി നല്‍കിയത്. എസ്എഫ്‌ഐക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് അവധി നല്‍കിയതെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നുമാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.

എസ്എഫ്ഐ ദേശീയ സമ്മേളനം കോഴിക്കോട് നടക്കുന്നതിനാല്‍ നഗരത്തിലെ സ്‌കൂളുകളില്‍ പഠിപ്പ് മുടക്കുകയാണെന്നും സഹകരിക്കണമെന്നും എസ്എഫ്‌ഐ നേതാക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് ഹൈസ്‌കൂളിന് അവധി നല്‍കിയതെന്ന് പ്രധാനാധ്യാപകന്‍ സുനില്‍ പറഞ്ഞു.

രാവിലെ 10.30-നാണ് ഹൈസ്‌കൂള്‍ വിഭാഗം ക്ലാസ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സമാപനസമ്മേളനത്തിലേക്ക് ആളെ കൂട്ടാനാണ് സ്‌കൂളിലെ പഠനസമയത്തുതന്നെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ചിറക്കിയതെന്നാണ് ആരോപണം.തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കിയേക്കുമെന്ന സൂചന നല്‍കി പ്രധാനാധ്യാപകന്‍ കഴിഞ്ഞദിവസം രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പ്രധാനാധ്യാപകന്‍ കഴിഞ്ഞദിവസം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശം ഇങ്ങനെ:
‘പ്രിയ രക്ഷിതാക്കളെ,
ഒരു വിദ്യാര്‍ത്ഥി സംഘടന സ്‌കൂളുകളില്‍ ഒരു സമരത്തിന് നാളെ ആഹ്വാനംചെയ്തതായി അറിയാന്‍ കഴിഞ്ഞു. അത്തരം സാഹചര്യംവന്നാല്‍ സ്‌കൂള്‍ വിടേണ്ടിവരും. അതുകൊണ്ട് 10.30 കഴിഞ്ഞതിനുശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്ന് അഭ്യര്‍ത്ഥിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *