ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരേ സമീന്‍ പര്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. ഇന്ത്യയില്‍ ചിത്രം 120 കോടി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാ, കണ്ണപ്പ തുടങ്ങിയ പുതിയ റിലീസുകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ചിത്രം ഓരോ ദിവസവും കളക്ഷന്‍ വാരികൂട്ടുകയാണ്. ഹൃദയസ്പര്‍ശിയായ ചിത്രം കാണാന്‍ പ്രേക്ഷകര്‍ ഇപ്പോഴും വലിയ തോതില്‍ എത്തുന്നുണ്ട്.
ചിത്രത്തെ പ്രശംസിച്ച് ശശി തരൂര്‍ എം.പി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ മാറ്റുന്ന ചിത്രമാണെന്ന് തരൂര്‍ പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയില്‍ ശശി തരൂരിനൊപ്പം ആമിര്‍ ഖാനും സിനിമ കാണാനെത്തിയിരുന്നു.
ജൂണ്‍ 20 നായിരുന്നു ചിത്രം ബോക്സ് ഓഫീസിലേക്ക് എത്തിയത്. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ആമിര്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ തയാറാകാതിരുന്നത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.
സ്പാനിഷ് ചിത്രമായ ‘ചാമ്പ്യന്‍സ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിത്താരേ സമീന്‍ പര്‍’. ദര്‍ശീല്‍ സഫാരിയെ ‘താരെ സമീന്‍ പറി’ല്‍ നായകനായി അവതരിപ്പിച്ചപ്പോള്‍, സിത്താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിച്ചത്.
അരോഷ് ദത്ത, ഗോപി കൃഷ്ണ വര്‍മ, സംവിത് ദേശായി, വേദാന്ത് ശര്‍മ, ആയുഷ് ബന്‍സാലി, ആശിഷ് പെന്‍ഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിന്‍, നമന്‍ മിശ്ര, സിമ്രാന്‍ മങ്കേഷ്‌കര്‍ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യില്ല.