നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവും മുൻ പ്രതിപക്ഷ നേതാവും ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം അറിയിച്ചു. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സേനാവിഭാഗങ്ങൾ സഹായിക്കുന്നുണ്ട്. പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ശ്രമിക്കും. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.വയനാട്ടിലേത് ഹൃദയഭേദകമായ ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടിൽ എത്തി. ഹെലികോപ്റ്റർ വഴിയുള്ള രക്ഷ ദൗത്യത്തിനു വീണ്ടും ശ്രമിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് നിന്ന് ഫൊറൻസിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ടെന്നും 20000 ലിറ്റർ വെള്ളവുമായി ജല വിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുൾ പൊട്ടൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള ഇടമല്ല. എല്ലാവരും ദുരന്ത സാധ്യത മുന്നറിയിപ്പ് പാലിക്കണം. മാധ്യമ ഇടപെടലുകളെ പ്രത്യേകം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പ്രശംസിച്ചു. അനാവശ്യമായി വയനാട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപയും സിയാൽ 2 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്നും എല്ലാവരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.കൂടാതെ മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 82 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. മേപ്പാടി ആശുപത്രിയിൽ 27 പേരും കല്‍പ്പറ്റ ജനറൽ ആശുപത്രിയിൽ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് മഴ ഇനിയും തോര്‍ന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *