ന്യൂ ഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ എ.സി ക്ലാസ് യാത്രക്കാരന് പുതപ്പ് ലഭ്യമാക്കാതിരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ചു. രണ്ട് യാത്രക്കാർക്കായി ഒരു പുതപ്പ് മാത്രം നൽകിയതിലും, സേവനത്തിൽ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയാണ് ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2022 ഒക്ടോബർ 28-ന് പ്രയാഗ്രാജിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിലായിരുന്നു പരാതിക്കാരന്റെ യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ടാണ് അദ്ദേഹം യാത്രചെയ്തത്. യാത്രയ്ക്കിടെ റെയിൽവേ അറ്റൻഡന്റ് ഇരുവർക്കുമായി ഒരു പുതപ്പ്, ഒരു തലയണ, രണ്ട് ബെഡ്ഷീറ്റ് എന്നിവ മാത്രമാണ് നൽകിയത്. അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഒരു പുതപ്പ് മാത്രം നൽകിയത് വലിയ അസൗകര്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
2009-ലെ കേന്ദ്ര സർക്കുലർ പ്രകാരം ആർ.എ.സി. യാത്രക്കാർക്കും പുതപ്പും ബെഡ്ഷീറ്റും നൽകണമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതിനുള്ള ചാർജ് ടിക്കറ്റിൽതന്നെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സൗകര്യം നിഷേധിക്കാനാവില്ല. പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയിൽവേ, കരാറുകാരന് 1000 രൂപ പിഴ ചുമത്തിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിരുന്നില്ല. കമ്മീഷന് മുൻപിൽ ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും റെയിൽവേയ്ക്ക് കഴിഞ്ഞിരുന്നില്ല.
തുടർന്ന് സേവനത്തിലെ വീഴ്ചയ്ക്ക് റെയിൽവേ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷൻ, യാത്രക്കാരനുണ്ടായ മാനസികപീഡനത്തിനും അസൗകര്യത്തിനും നഷ്ടപരിഹാരമായി 20,000 രൂപയും കേസിന്റെ ചിലവിനായി 5,000 രൂപയും ചേർത്ത് ആകെ 25,000 രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഡൽഹി കമ്മീഷന്റെ അധികാര പരിധിയിൽ വരുന്നതല്ല ഈ പരാതിയെന്ന ഉത്തര റെയിൽവേയുടെ വാദവും കമ്മീഷൻ തള്ളി.
