ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് ഡോക്ടർ തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജൂലൈ 23 ന്നാണ് യുവതി വയറു വേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. പ്രസവ വേദനയാണെന്ന് പറഞ്ഞ ഡോക്ടർ സിസേറിയൻ നടത്തി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ യുവതിയുടെ ശരീരത്തിൽ നീര് വച്ചു. രക്തക്കുറവ് മൂലമെന്നായിരുന്നു ഡോക്ടർ ആദ്യം പറഞ്ഞത്. രക്തം എത്തിച്ചു നൽകിയിട്ടും മാറ്റം ഒന്നും ഉണ്ടാകാതെ വന്നതോടെ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങിലാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ചതായും മെഡിക്കൽ വേസ്റ്റ് ഉള്ളതായും കണ്ടെത്തിയത്. വീണ്ടും ആഗസ്റ്റ് ആറിന് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞി ഉൾപ്പടെ മെഡിക്കൽ വേസ്റ്റ്കൾ നീക്കം ചെയ്തത്. എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ വിശദീകരണം ലഭിച്ചിട്ടില്ല. മെഡിക്കൽ ബോർഡ് ചേർന്ന ശേഷമാകും പൊലീസ് നടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *