മുതിര്‍ന്ന നടന്‍ മിഥുൻ ചക്രബർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് നല്‍കുന്ന പരമോന്നത ബഹുമതി ബംഗാളി സൂപ്പര്‍താരത്തിന് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 8ന് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മിഥുന്‍ ചക്രബര്‍ത്തിക്ക് സമ്മാനിക്കുമെന്ന് മന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. “മിഥുൻ ദായുടെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ വിശിഷ്ടമായ സംഭാവനകൾ പരിഗണിച്ച് ഇതിഹാസ നടന് ദാദാസാഹേബ് ഫാൽക്കെ അവാര്‍ഡ് നല്‍കാന്‍ സെലക്ഷൻ ജൂറി തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്. ഒക്ടോബര്‍ 8ന് 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാര്‍ഡ് സമ്മാനിക്കും” മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ ട്വീറ്റ് പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ മിഥുൻ ചക്രബർത്തിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. 1976-ൽ മൃണാൾ സെന്നിന്‍റെ “മൃഗായ” എന്ന ചിത്രത്തിലൂടെയാണ് 74-കാരനായ ചക്രവർത്തി ആദ്യമായി അഭിനയിച്ചത്. അതിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. “കസം പൈഡ കർണേ വാലെ കി”, “കമാൻഡോ” തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. ഡിസ്കോ ഡാന്‍സര്‍ പോലുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം 80 കളില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. ബംഗാളി സിനിമയിലും ഹിന്ദി സിനിമയിലും സാന്നിധ്യമാണ് അദ്ദേഹം. മിഥുന്‍ ഡ്രീം ഫാക്ടറി എന്ന പ്രൊഡക്ഷന്‍ ഹൗസ് വഴി സിനിമകളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വിവിധ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായും മിഥുന്‍ എത്തിയിട്ടുണ്ട്. 2014 ല്‍ ടിഎംസി എംപിയായി രാജ്യസഭയില്‍ അംഗമായെങ്കിലും 2016 ല്‍ ഈ എംപി സ്ഥാനം രാജിവച്ചു. 2021 ല്‍ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *