കോഴിക്കോട്: ജീവിതം ചിത്രകലയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ദേവസ്യ ദേവഗിരി. കുന്ദമംഗലത്ത്താമസക്കാരനായ ദേവസ്യ മാഷ് 2018ല്‍ ദേവഗിരി ‘സേവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വീട്ടില്‍ ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ച് ചിത്ര- ശില്‍പ്പകലയില്‍ നൂതന ആശയങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ സജീവമാണ് ഇദ്ദേഹം. എബ്രഹാം ലിങ്കണ്‍, ഗാന്ധിജി, ഇ എം എസ്,ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി പ്രതിഭകളെ ഒറ്റ ക്യാന്‍വാസില്‍ വരച്ചിട്ടുണ്ട്. അറേബ്യാന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നി മൂന്ന് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഗാന്ധി സ്മൃതി അവാര്‍ഡ്, ഡോ. എ പി ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ കര്‍മശേഷ്ഠ പുരസ്‌കാരം, ക്യാമല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ ദേവസ്യ ജന്മസിദ്ധമായ കഴിവും വളര്‍ത്തിയെടുത്താണ് ഈ രംഗത്ത് ശ്രദ്ദേയനായത്. കോഴിക്കോട് ആര്‍ട്ട് ഗാലറി ഉള്‍പ്പെടെ സ്വദേശത്തും നിരവധി ചിത്രപ്രദര്‍ശനത്തിലും ക്യാമ്പുകളിലും പങ്കെടുത്തു.

ഗാന്ധിജിയെ വേറിട്ടരീതിയില്‍ ദേവസ്യ ദേവഗിരിയുടെ വരകളില്‍ വിരിയുന്നത് ഇതാദ്യമല്ല. ഈ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ദേവഗിരി കോളേജിന് വേണ്ടി സിമന്റില്‍ നിര്‍മ്മിക്കുന്നഗാന്ധി പ്രതിമയുടെ അവസാന മിനുക്ക് പണിയുടെ തിരക്കിലാണ് ദേവസ്യ. സിമന്റില്‍ ഗാന്ധി പ്രതിമ നിര്‍മ്മിക്കാന്‍ ഒരുമാസമാണ് അദ്ദേഹം ചിലവഴിച്ചത്. നിരവധി പ്രതിമകളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

കുന്ദമംഗലം പെരിങ്ങൊളത്ത് മാറാപ്പിള്ളില്‍ വീടിന്റെ മുകള്‍നിലയില്‍കഴിഞ്ഞ കുറച്ച് വര്‍ഷമായി ആര്‍ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. ഭാര്യ: ഗ്ലാഡിസ് ദേവസ്യ. മക്കള്‍: റോണി ദേവസ്യ, റെന്നി ദേവസ്യ.

Leave a Reply

Your email address will not be published. Required fields are marked *