സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (CRIF) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതിലൂടെ സംസ്ഥാനത്തെ 486 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി ഇതുസംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റോഡുകളുടെ നവീകരണവും വികസനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മേജർ ഡിസ്ട്രിക്ട് റോഡുകൾക്ക് പുറമെ ഓർഡിനറി ഡിസ്ട്രിക്ട് റോഡുകളും കോർപ്പറേഷൻ റോഡുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ, എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അനുമതി ലഭിച്ച പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
റോഡുകളുടെ ഗുണനിലവാരവും നിർമാണത്തിന്റെ സമയക്രമവും ഉറപ്പാക്കും. ദേശീയപാതാ നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തികൾ നടപ്പാക്കുക. സംസ്ഥാനത്തിന്റെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
