കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടികളിലേക്ക് കടന്ന് നഗരസഭ. അനർഹരെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും. പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇന്ന് മുതൽ നടപടി ആരംഭിക്കും. 63 ൽ 18 പേരെ നേരത്തെ ക്ഷേമ പെൻഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകിയിരുന്നു. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌.ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർനടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും ധന വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *