ബിജെപി കേരളാ ഘടകം ഗാന്ധി അനുസ്മരണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി ജയരാജന്‍. ജനുവരി 30 ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവച്ചവര്‍, പാര്‍ലമെന്റില്‍ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്സെയുടെ ചിത്രവും വച്ചവര്‍ – അതേ ബി.ജെ.പിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:

എന്തൊക്കെ കാണണം നമ്മള്‍..! ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30 ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവച്ചവര്‍…. പാര്‍ലമെന്റില്‍ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്സെയുടെ ചിത്രവും വച്ചവര്‍ – അതേ ബി.ജെ.പിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു…! കമന്റ് ബോക്‌സില്‍ത്തന്നെ ഉചിതമായ മറുപടി ബി. ജെ. പിക്ക് കിട്ടിയിട്ടുണ്ട്.. ആഖജ യുടെ ഈ നീലക്കുറുക്കന്‍ നയംമാറ്റത്തിന് മുന്നില്‍ ഏവരും ജാഗ്രത്താകണം.
ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് നമ്മളറിഞ്ഞ മറ്റൊരു വാര്‍ത്ത എന്നത്, ‘പയ്യന്നൂരിനടുത്ത് ആലക്കാട് ബോംബ് നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് ആര്‍.എസ്. എസ്സുകാരന്‍ ആശുപത്രിയിലായതാണ്.’ ഗാന്ധിജിയെ വെടിവെച്ച് ഇല്ലാതാക്കിയവര്‍, ബോംബ് ഉപയോഗിച്ചും വര്‍ഗീയ കലാപമുയര്‍ത്തിയും മതനിരപേക്ഷതയുടെ ഹൃദയം തകര്‍ക്കാനുള്ള നീക്കം തുടരുകയുമാണെന്നത് നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും തിരിച്ചറിയുമെന്നുറപ്പ്. ഇവിടെ, മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍മ്മിക്കണം – ‘ ഒരു രാജ്യത്തെ മുഴുവന്‍ പേരുടേയും മതം ഒന്നുതന്നെയായാലും, രാഷ്ട്രത്തിന് മതം ആവശ്യമില്ല ‘ എന്നതാണത്. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാം…
– എം. വി ജയരാജന്‍

Leave a Reply

Your email address will not be published. Required fields are marked *