അഫ്ഗാനിസ്താനിലെ അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഫെബ്രുവരി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഷെയ്ഖ് അബ്ദുള്‍ ബാക്വി ഹഗ്വാനി കാബൂളില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
. അതേസമയം, പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് താലിബാന്റെ മൗനം തുടരുകയാണ്.
തണുപ്പുകുറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ ഫെബ്രുവരി രണ്ട് മുതലും തണുപ്പുകൂടുതലുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകള്‍ ഫെബ്രുവരി 26 മുതലും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു ,എന്നാൽ സര്‍വകലാശാലകളിലേക്കുള്ള പെണ്‍കുട്ടികളുടെ പ്രവേശനം സംബന്ധിച്ചും അതിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ എടുത്തു എന്നതുസംബന്ധിച്ചും മന്ത്രി പ്രതികരിച്ചില്ല.

രാജ്യത്തിന്റെ മിക്കഭാഗത്തും ഹൈസ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തത്. യു.എസ്. സൈന്യം അഫ്ഗാനില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. താലിബാന്‍ നിയന്ത്രണമേറ്റെടുത്തിന് ശേഷം അഫ്ഗാന് വിദേശരാജ്യങ്ങള്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അവര്‍ മരവിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസവും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നും എങ്കില്‍ സാമ്പത്തിക സഹായം നല്‍കാമെന്നുമാണ് പാശ്ചാത്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *