തെല്‍ അവിവ്: പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കി ഇസ്രായേല്‍. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കാണാതായ 14 റെഡ് ക്രോസ് സിവില്‍ ഡിഫന്‍സ് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നടപടി കൊടുംക്രൂരമെന്ന് ഹമാസും മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു. അതേസമയം, ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇസ്രായേല്‍ ബദല്‍ സമര്‍പ്പിച്ചു .

ഗസ്സയില്‍ ഇസ്രായേലിന്റെ ക്രൂരത തുടരുകയാണ്. തെക്കന്‍ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കുട്ടികളും സ്ത്രീകളുമടക്കം 22 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കാണാതായ 14 റെഡ് ക്രോസ്, സിവില്‍ ഡിഫന്‍സ് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലാഴ്ചയിലേറെയായി ഗസ്സയില്‍ സന്പൂര്‍ണ ഉപരോധമാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രായേല്‍ തടഞ്ഞിരിക്കുന്നതിനാല്‍ ഗസയിലെ ഈദുല്‍ ഫിത്ര്‍ പട്ടിണിയുടെ നടുവിലായി. കനത്ത ബോംബിങ് തുടരുന്നതിനാല്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഇസ്രായേലില്‍ നെതന്യാഹുവിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *